Tuesday, June 10, 2014

പൂയംകുട്ടി വഴി പ്രകൃതിയിലേക്ക്..!

പൂയംകുട്ടിയുടെ നിശ്ശബ്ദമായ ആനത്താരകളെ അറിഞ്ഞു പഴയ ആലുവ മൂന്നാര്‍ റോഡിലൂടെ പിണ്ടിമേട്‌ കുത്ത് വെള്ളച്ചാട്ടവും കേരള സര്‍ക്കാര്‍ പ്രകൃതി സ്നേഹികളോട് തോറ്റ് പിന്മാറിയ പൂയംകുട്ടി പദ്ധതി പ്രദേശവും കണ്ടു മനസ്സ് നിറക്കാന്‍ Cochin Adventurous Foundation ( CAF ) ന്റെ കൂടെ നടക്കുമ്പോള്‍ , മനസ്സ് നിറഞ്ഞത്‌ അവരിലെ ചില പ്രകൃതി സ്നേഹികളുടെ കൂട്ട് തന്നെയായിരുന്നു .
കോട്ടക്കലില്‍ നിന്ന് ദ്വിജിത് എന്നെ എടുത്തു ഈ യാത്രയും നടത്തി തിരികെ കോട്ടക്കലില്‍ കൊണ്ട് വന്നു ഇറക്കിയപ്പോള്‍ കൂലിയായി മേടിച്ചത് എന്റെ വളിച്ച കുറെ കത്തികള്‍ മാത്രമായിരുന്നു .
ചില യാത്രകള്‍ അങ്ങനെയാണ് . നമ്മള്‍ ഒരിക്കലും അവസാനിക്കണമെന്ന് ആഗ്രഹിക്കുകയില്ല , അവിടെ നന്മകളും സ്നേഹങ്ങളും മാത്രമേ കാണൂ . ആ പച്ചപ്പില്‍ പ്രകൃതിയുടെ തണുപ്പും കൂടെ കൂടി ചേരുമ്പോള്‍ മുള വെട്ടിയുണ്ടാക്കിയ ആ കോപ്പയില്‍ ചായ കുടിക്കുന്ന മാധുര്യമായിരുന്നു ഇപ്പോഴും മനസ്സില്‍ ..
പൂയംകുട്ടി പദ്ധതിയുടെ അവശിഷ്ടങ്ങള്‍ ആ നന്മയോട് തോറ്റ് പോയപോലെ അവിടെ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു . തണുത്ത ആ പുഴയുടെ മടിത്തട്ടില്‍ എണീറ്റ്‌ പോവാന്‍ തോന്നാതെ കിടക്കുമ്പോള്‍ മെഹ്ദി ഹുസൈന്റെ ഗസലിന്റെ ഈണം പോലെ ഓളങ്ങള്‍ പതിയെ എന്നെയും കൊണ്ട് ഏതോ ഒരു ലോകത്തേക്ക് പോയി ..ആ കുളിരില്‍ പെരിയാറിന്റെ മാറിടത്തില്‍ എല്ലാം മറന്നു ഞാന്‍ കിടന്നു ..
കാടിനുള്ളില്‍ , സ്വപ്നങ്ങള്‍ക്ക് പച്ച നിറം മാത്രം കണ്ട കുട്ടപ്പന്‍ ചേട്ടന്റെ കുടിലില്‍ നിന്നും കുടിച്ച കട്ടന്‍ ചായ പിന്നീട് ഒരുപാട് നാള്‍ നാവിന്‍ തുമ്പില്‍ മായാതെ കിടന്നിരുന്നു . സ്നേഹം കൊണ്ട് ഉണ്ടാക്കുന്നവയെല്ലാം അല്ലെങ്കിലും നമ്മെ ഒരിക്കലും പിരിഞ്ഞു പോവില്ലല്ലോ .
 യാത്രാ ചിത്രങ്ങളിലൂടെ ...!

ക്യാമ്പ്‌ ഫയര്‍ ..!













































Sunday, May 4, 2014

പത്തു മൈല്‍ നടത്തത്തിന്റെ ഭംഗി !

ചില യാത്രകള്‍ നമ്മളെ തേടി എത്തുന്നവയായിരിക്കും . അവയ്ക്ക് നമ്മളോട് പങ്കു വെക്കാന്‍ ഒരുപാട് കാണും . സിബി ചേട്ടനെ ( സിബി മൂന്നാർ )പരിചയപ്പെട്ട അന്ന് മുതല്‍ ഒന്ന് നേരിട്ട് കാണണമെന്നും കൂടെ ഒരു യാത്ര തരപ്പെടുത്തണം എന്നും ഒരുപാട് ആഗ്രഹിച്ചു ഇരിക്കുന്ന സമയത്താണ് കൊച്ചിന്‍ ട്രെക്കിംഗ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ 2013 ഫെബ്രുവരി 3 നു നടത്തുന്ന പത്തു മൈല്‍ നടത്തത്തെ കുറിച്ച് കേള്‍ക്കുന്നത് . അതില്‍ പങ്കെടുക്കാന്‍ മനോജേട്ടനും  ( നിരക്ഷരന്‍ ) വരുന്നുണ്ട് എന്ന് കേട്ടതോടെ എന്ത് വില കൊടുത്തും ഞാനും അവരുടെ കൂടെ നടക്കുമെന്ന് തീര്‍ച്ചയാക്കി .

രാത്രി കോട്ടക്കല്‍ നടക്കുന്ന സെവന്‍സ് ഫുട്ബോള്‍ കളിച്ചിട്ട് വേണം എനിക്ക് ആലുവയില്‍ നിന്ന് അര്‍ദ്ധരാത്രി 2 മണിയോടെ  പുറപ്പെടുന്ന മൂന്നാര്‍ ബസ് പിടിക്കാന്‍. അത് പോയി കഴിഞ്ഞാല്‍ പിന്നെ യാത്ര ഉപേക്ഷിക്കുകയല്ലാതെ വേറെ മാര്‍ഗം ഇല്ലതാനും . രണ്ടും കല്‍പ്പിച്ചു , വേഗത അളന്നു പിഴ കണക്കു കൂട്ടുന്ന ദേശീയ പാതയിലെ ക്യാമറ കണ്ണുകളെ കബളിപ്പിച്ചു ഞാന്‍ എന്റെ ബൈക്ക് എടുത്ത് ആലുവയിലേക്ക്  കുതിച്ചു . 

ആലുവ റെയില്‍വേ സ്റ്റേഷന്‍ പേ ആന്‍ഡ്‌ പാര്‍ക്കിംഗില്‍ ബൈക്ക് ഇട്ടു രണ്ടു മണിയോടെ വന്ന മൂന്നാര്‍ ഫാസ്റ്റ് പാസഞ്ചറില്‍ മൂന്നാറിലേക്ക്. ജോസ് ജസ്റ്റിന്‍ , അതുല്‍ ടോമിച്ചന്‍  , മനു ജസ്റ്റിന്‍ എന്നിവരുടെ കൂടെ ജോസ് എനിക്കായി പിടിച്ചു വെച്ച സീറ്റില്‍ .. പുറകിലെ സീറ്റില്‍ നിരക്ഷരന്‍ ചേട്ടന്‍ ഉറങ്ങുന്നത് കണ്ടു .

പതിയെ ഉറക്കത്തിലേക്കു വഴുതി വീണു. തണുപ്പിന്റെ സ്നേഹം ആവോളം നുകര്‍ന്ന്  ഉറക്കം എന്നെ പതിയെ കൈയ്യൊഴിഞ്ഞു . ജോസ് പതിയെ എണീറ്റ്‌ ഡ്രൈവറോട് എന്തൊക്കെയോ പറഞ്ഞു വരുന്നത് കണ്ടു . മൂന്നാറിന് മുന്പ് ശങ്കുപ്പടിയില്‍ ഇറങ്ങണം . പതിയെ ജോസ് വന്നു എല്ലാരേം  വിളിച്ചുണര്‍ത്തി . ശങ്കുപ്പടിയില്‍ ഫെബ്രുവരിയുടെ തണുപ്പിലേക്ക് ഞങ്ങള്‍ ബസ് ഇറങ്ങി.. നോക്കുമ്പോള്‍ തൊട്ടുമുന്നില്‍ സിബി ചേട്ടന്‍ . പണ്ട് മനോരമ ആഴ്ചപ്പതിപ്പില്‍ വായിച്ച ഹൈറേഞ്ചിലെ കരുത്തനായ നായകന് ഞാന്‍ മനസ്സില്‍ കല്‍പ്പിച്ചു കൊടുത്ത രൂപത്തോട് ചേര്‍ന്ന് നില്‍ക്കുന്ന മനുഷ്യന്‍ . ഞാന്‍ ആദരവോടെ , അതിലേറെ ഒരല്പം ആരാധനയോടെ ചെന്ന് കൈ കൊടുത്തു . (പുള്ളിയെ കുറിച്ച്  2011 ഡിസംബറില്‍ മലയാളം വാരികയില്‍ വന്ന ലേഖനത്തിന്റെ ഒരു കോപ്പി എന്റെ കയ്യിലും ഉണ്ടായിരുന്നല്ലോ.. ആരാധന തോന്നാന്‍ അത് തന്നെ ധാരാളമല്ലേ .. !) . തണുപ്പിനോട്‌ എന്നോട് കളിയ്ക്കാൻ നിക്കല്ലേ എന്നാ മട്ടിലാണ് അദ്ധേഹത്തിന്റെ നില്പ്പ്. 

ജോയ് പാലസ് എന്നാ ഹോം സ്റ്റേ യിലാണ് പ്രാഥമിക കൃത്യങ്ങൾക്കുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്  . സിബി ചേട്ടൻ എല്ലാവരെയും അങ്ങോട്ട്‌ നയിച്ചു .

****

യാത്രയെക്കുറിച്ച് നന്നായി എഴുതിയ മനോജേട്ടന്റെ ബ്ലോഗ്‌  ഇതിന്റെ ചരിത്ര വശങ്ങളെ കുറിച്ചൊക്കെ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട് . 

മൂന്നാറില്‍ ഒരുപാട് പത്താം മൈലുകള്‍ ഉണ്ടെന്നും അവയ്ക്ക് പിന്നില്‍ ഒരു ചരിത്രം ഉണ്ടെന്നും അറിയാനായി ഒരു നടത്തം . ഇന്നത്തെ പോലെ ഗതാഗത സൌകര്യങ്ങള്‍ ഒന്നും ഇല്ലാത്ത കാലത്ത് തൊഴിലാളികളും തൊഴിലുടമകളും  അവരുടെ തൊഴില്‍ സാമഗ്രികളുമായി താഴ്വരയില്‍ നിന്ന് നടന്നു കയറുമ്പോള്‍ വിശ്രമിച്ചിരുന്നത്  ഓരോ പത്തു മൈല്‍ ദൂരത്തിനിടയിലും ഉള്ള സത്രങ്ങളില്‍ ആയിരുന്നെത്രേ . അങ്ങനെ ഉണ്ടായ ചെറിയ ചെറിയ സ്ഥലങ്ങള്‍ പില്‍ക്കാലത്ത് വലുതായി പത്താം മൈല്‍ എന്ന പേരും സ്വീകരിച്ചു എന്ന് ചരിത്രം .  പിന്നെയുമുണ്ട് ചരിത്രം, അന്നൊക്കെ തൊഴിലാളികളെ തെരഞ്ഞെടുത്തിരുന്നത് തൊഴില്‍ സാമഗ്രികളുമായി ഈ പത്തു മൈല്‍ നടന്നു കയറാനുള്ള ശേഷി നോക്കിയായിരുന്നുവെത്രേ .
****

മനോജേട്ടന്റെ ബ്ലോഗ്ഗില്‍ നിന്നും ചൂണ്ടിയത് ..!
അംഗങ്ങള്‍ ജോയ് പാലസിനു മുന്നില്‍ 



രാവിലെ മൂന്നാറിൽ അല്പം തണുപ്പ് കൂടുതൽ ആയതിനാൽ  നിശ്ചയിച്ച ഏഴു മണിക്ക് നടത്തം തുടങ്ങുക എന്നത് അല്പം വൈകിച്ചു എട്ടു മണി ആക്കിയതായി സിബി ചേട്ടൻ പറഞ്ഞു . അടുത്തുള്ള ചേട്ടന്റെ ഹോട്ടലിൽ നിന്ന് അപ്പവും മുട്ടക്കറിയും അകത്താക്കുമ്പോൾ കേരള രാഷ്ട്രീയത്തെ വിശദമായി അവലോകനം ചെയ്യുകയായിരുന്നു മനോജേട്ടനും സിബി ചേട്ടനും .
എട്ടു മണിയോടെ മൂന്നാറിൽ എത്തി . സിബി ചേട്ടൻ അടക്കം 21 പേരാണ് കൂട്ടത്തിൽ ഉണ്ടായിരുന്നത് . സിബി മൂന്നാര്‍ , നിരക്ഷരന്‍ , അന്‍സര്‍ , അന്സറിന്റെ ഭാര്യ ജീന അന്‍സര്‍ , അതുല്‍ ടോമിച്ചന്‍ , രോഹന്‍ കലാനി, അനില്‍ , രമേശ്‌ ബാബു , അജു ജോണ്‍ , പ്രദീപ്‌ , ജോസ് ജസ്റ്റിന്‍ , അനിയന്‍ മനു ജസ്റ്റിന്‍ , ജിഷ്ണു , അബിന്‍ മത്തായി , ടോം . വി. സെബാസ്റ്റ്യന്‍ , സുനന്ദ് , ശ്രീനാഥ് , മുഹമ്മദ്‌ അന്‍സാര്‍ , അജ്മല്‍, ഷെഫിന്‍ , റാസി  എന്നിവരായിരുന്നു സംഘാംഗങ്ങള്‍ .

മൂന്നാറിന്റെ ഇതുവരെ അറിയാത്ത ആ അനുഭൂതി തേടി ഞങ്ങൾ നടത്തം തുടങ്ങി . ആദ്യം ചെന്ന് കയറിയത് ഒരു കടയിലാണ് . തോട്ടം തൊഴിലാളികളുടെ ശാരീരിക അവശതയുള്ള കുട്ടികള്‍ ഉണ്ടാക്കുന്ന ഉത്പന്നങ്ങള്‍ വില്‍ക്കുന്ന "കുറിഞ്ഞി ". ടാറ്റാ യിലെ ഉന്നത ഉദ്യോഗസ്ഥന്റെ ഭാര്യയായിരുന്ന ശ്രീമതി രത്ന കൃഷ്ണകുമാര്‍ ആണ് ഈ സംരംഭം കുറിച്ചത് എന്ന് സിബി ചേട്ടനിലൂടെ അറിഞ്ഞു . 

അവിടെ നിന്ന് ചോക്ലേറ്റ്കള്‍ മേടിച്ചു പലരും ബാഗില്‍ സൂക്ഷിച്ചു നടത്തം തുടങ്ങി .


മുന്നാറിന്റെ ചരിത്രം പറഞ്ഞു സിബി ചേട്ടനും കൂടെ ഞങ്ങളും  , ആഞ്ഞു നടക്കുന്ന ആ ഒറ്റയാന്റെ കൂടെ നടന്നെത്താന്‍ പലപ്പോഴും കാലു വലിച്ചു നീട്ടി വെക്കേണ്ടി വന്നു . മൂന്നാറിൽ നിന്ന് മാങ്കുളം വരെ പോവുന്ന റോഡിലൂടെയാണ്‌ നടത്തം . അത്യാവശ്യം ആളുകളും ഇടയ്ക്കു വാഹനങ്ങളും ഞങ്ങളെ കടന്നു പൊയ്ക്കൊണ്ടിരുന്നു . തണുപ്പിന്റെ ആവരണം വിട്ടൊഴിഞ്ഞിട്ടില്ലായിരുന്നു . 


സിബി ചേട്ടന്റെ കൂടെ നടക്കാന്‍ പരമാവധി ശ്രമിച്ചു കൊണ്ടിരുന്നു.. അത്യാവശ്യം നല്ല വേഗതയിലായിരുന്നു പുള്ളിയുടെ നടത്തം . എന്നാല്‍ കൂടെയുള്ളവരെ നല്ലവണ്ണം ശ്രദ്ധിച്ചു എല്ലാവരെയും ഒരു കൂട്ടമായി തന്നെ നടത്താന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ടായിരുന്നു . മൂന്നാറിനെ പിടികൂടിയ ടൂറിസം എന്ന അസുഖത്തിനെ കുറിച്ച് പറയുമ്പോള്‍, അത് അവിടത്തെ പ്രകൃതിയെ, മലകളെ, കാടുകളെ,  മൃഗങ്ങളെ നശിപ്പിക്കുന്ന കാര്യം പറയുമ്പോള്‍ നിരാശയോ അമര്‍ഷമോ ഒക്കെ ചേര്‍ന്ന ഒരു വികാരം ആ മുഖത്ത് നിന്ന് വായിചെടുക്കാമായിരുന്നു .

വഴിയില്‍ കണ്ട തൂക്കുപാലം ഒരു നല്ല കാഴ്ച തന്നെയായിരുന്നു . ഹരിതാഭയായ പ്രകൃതിയുടെ മടിത്തട്ടില്‍ ആ നനുത്ത തണുപ്പില്‍ നിന്ന്  ഫോട്ടോ എടുക്കാന്‍ എല്ലാവരും കൂടി പാലത്തിലേക്ക് . പാലത്തിന്റെ അക്കരെ ഒരു കോവില്‍ കാണാന്‍ ഉണ്ടായിരുന്നു . 

കാലം മറന്നു വെച്ച അടയാളങ്ങള്‍ പലപ്പോഴും നമ്മെ ആ കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടു പോയേക്കും. അവിടെ ഒരുപാട് ആത്മാക്കള്‍ നമ്മളോട് സംവദിക്കും. തൂക്കുപാലത്തില്‍ കാലത്തിന്റെ കാല്‍പാദങ്ങള്‍ ആ പഴയ സ്വപ്നങ്ങളുടെ തൂക്കം തോന്നിപ്പിച്ചോ .. അറിയില്ല. പക്ഷെ മനുഷ്യന്റെ അപകടകരമായ ഇടപെടലില്‍ വേദനിച്ചു കൊണ്ട് തൊട്ടു താഴെ ഒരു കൊച്ചു അരുവി ഒഴുകി കൊണ്ടിരുന്നു . ബാക്കിയുള്ള അതിന്റെ സിരകളില്‍ വെള്ളം എത്ര ബാക്കിയുണ്ടാവും എന്നറിയാതെ ..

അകലെ കൊച്ചു കോവില്‍ .

 തൂക്കുപാലത്തില്‍ നിന്ന്  .

പച്ച പുതച്ചു കിടക്കുന്ന ടാറ്റാ യുടെ തേയില തോട്ടങ്ങള്‍ . കാലത്തെ തോല്‍പ്പിച്ചു ഉയര്‍ന്നു നില്‍ക്കുന്ന പടുകൂറ്റന്‍ മരങ്ങള്‍ .. പത്തു മൈല്‍  നടത്തത്തിന്റെ ആദ്യ മൈലുകളില്‍ തന്നെ ഈ യാത്രയുടെ സുഖം എന്തായിരിക്കുമെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു .
തൂക്കുപാലം പിന്നിട്ടു നടത്തം തുടര്‍ന്നു . വാഹനങ്ങളുടെ അളവ് റോഡില്‍ കുറഞ്ഞു വന്നു .  മനോഹരമായ ഒരു ഭൂമികയിലൂടെ നടന്നു പോവുമ്പോള്‍ തീര്‍ച്ചയായും നമ്മളില്‍ കാല്പനികത ഉണര്‍ന്നു പോവും . പിന്നെ അതില്‍ ലയിച്ചു ആ മായിക ലോകത്തിലൂടെ മനസ്സ് പല വഴിക്ക് പോവുമ്പോള്‍ നടത്തത്തിന്റെ വേഗത പലര്‍ക്കും പലതായി . 

എല്ലാവരും ഒറ്റ കൂട്ടമായി നടക്കണമെന്ന് പറഞ്ഞു സിബി ചേട്ടന്‍ ഇടയ്ക്കിടക്ക് ഇടപെട്ടു കൊണ്ടിരുന്നു . പ്രകൃതിയോടു സല്ലപിച്ചു നടന്നു കൊണ്ടിരുന്ന പലരും പിന്നെയും കൂട്ടം തെറ്റി മുന്നിലും പിന്നിലുമായിക്കൊണ്ടിരുന്നു .
റോഡില്‍ ഞങ്ങള്‍ മാത്രമായി . ഇടക്കെപ്പോഴെങ്കിലും അപൂര്‍വമായി മാത്രം ചില വാഹനങ്ങള്‍ ഞങ്ങളെ കടന്നു പോയി .
ഇടയ്ക്കു കണ്ട ഒരു ചെറിയ ശ്മശാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടു. (അതോ ശ്മശാനമോ ?) . മനുഷ്യന്റെ വളര്‍ച്ചയുടെ അവസാനത്തെ ചൂണ്ടിക്കാണിച്ചു കൊണ്ട് ആ ശ്മശാനം ഞങ്ങളെ നോക്കി ഒരു ചെറിയ പുഞ്ചിരി സമ്മാനിച്ചുവോ .. !
ചില ചിത്രങ്ങള്‍ ..

കാലികള്‍ മേയുന്ന പുല്‍മേടുകള്‍ ഹൃദ്യമായ കാഴ്ചയായിരുന്നു . പച്ചപ്പ്‌ അതിന്റെ ഭംഗി മുഴുവനായി ഞങ്ങള്‍ക്ക് മുന്നില്‍ തുറന്നു വെച്ചു . ഒരു കാലടിയും ആ ഭംഗിയുടെ ആഴങ്ങളിലേക്കായിരുന്നു . അവിടെ മൂന്നാറിന്റെ നനുത്ത കോട മഞ്ഞിന്റെ തണുപ്പ് ഞങ്ങളെ പതിയെ ആലിംഗനം ചെയ്തു .

തൊഴിലാളികളുടെ നീണ്ടു കിടക്കുന്ന പാടികള്‍ ( ലൈന്‍ വീടുകള്‍ ) ഇടയ്ക്കിടയ്ക്ക് ഞങ്ങള്‍ പിന്നിടുന്നുണ്ടായിരുന്നു . ചെറിയ കോവിലുകളും കൊടി മരങ്ങളും കൂടെ ചെറിയ എസ്റ്റേറ്റ്‌ വക കടകളും കൂടി ചേരുമ്പോള്‍ പൂര്‍ത്തിയായി .  ഇവിടെ ശ്രദ്ധിച്ച മറ്റൊരു കാര്യം വൃത്തിയാണ് .
വൃത്തിയുടെ കാര്യത്തില്‍ ഇവിടെയുള്ളവരുടെ ശ്രദ്ധ അനുകരണീയം തന്നെയാണ്. വഴിയിലുടനീളം ഒരു പ്ലാസ്റ്റിക്‌ കവറോ മറ്റോ ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ചിരുന്നില്ല .

ചപ്പു ചവറുകള്‍ക്കും പ്ലാസ്റ്റിക്‌ അവശിഷ്ട്ടങ്ങള്‍ക്കും അവര്‍ നല്‍കിയ ഇടം ഒരു കാലില്‍ തൂക്കിയ രണ്ടു സഞ്ചികള്‍ക്കുള്ളിലായിരുന്നു . വല്ലാത്ത ഒരു അനുഭവം തന്നെയായിരുന്നു  അത്. 
മനോജേട്ടന്റെ ബ്ലോഗ്ഗില്‍ നിന്നും ചൂണ്ടിയത് 
സിബി ചേട്ടന്‍ ആ വൃത്തിയുടെ പുറകിലെ എസ്റ്റേറ്റ്‌  മാനേജ്മെന്റ് ന്റെയും തൊഴിലാളികളുടേയും അശ്രാന്ത പരിശ്രമത്തെ കുറിച്ച് വാചാലനായിക്കൊണ്ടിരുന്നു . ഓരോ വാക്കും മനസ്സില്‍ കുറിച്ചെടുത്തു നിരക്ഷരന്‍ ചേട്ടനും .

തണുപ്പ് പതിയെ വെയിലിനു വഴി മാറി ,പതിയെ ചൂടായി വന്നു .
പ്രകൃതിയുടെ ആസന്നമായ നാശത്തെ കുറിച്ച് സിബി ചേട്ടന്‍ പറഞ്ഞു കൊണ്ടിരുന്നു . താമരശ്ശേരി കൂടരഞ്ഞിക്കാരായ അതുലും ടീമും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് സിബി ചേട്ടനോട് സംസാരിച്ചു കൊണ്ടിരുന്നു .
ഇടയ്ക്കു തേയില കൂട്ടി വെച്ച് തൂക്കി കൊണ്ട് പോകുന്ന ഇടങ്ങളും കണ്ടു. മുന്നിലും പിന്നിലുമായി പരന്നു കിടക്കുന്ന അംഗങ്ങളെ കാത്തു വീണ്ടും ചെറിയ ഇടവേളകള്‍. ഇടയ്ക്കു വെച്ച് നേരത്തെ മേടിച്ച ചോക്ലേറ്റ് കളും കേക്കുകളും അകത്താക്കി .
ലച്ച്മി എസ്റ്റേറ്റ്‌നു മുന്നിലെ പിണറായി വിജയന്‍റെ ചിത്രവും തമിഴിലുള്ള എഴുത്തും കൌതുകമായി തോന്നി . മിക്കവാറും തമിഴരായ തൊഴിലാളികളാണ് മൂന്നാറില്‍ . പണ്ട് ബ്രിട്ടിഷുകാര്‍ തമിഴ്നാട്ടിലെ കമ്പം , തേനി തുടങ്ങിയ ഭാഗങ്ങളില്‍ നിന്ന് കൊണ്ട് വന്ന തമിഴ് തോട്ടം തൊഴിലാളികളുടെ പിന്‍ഗാമികള്‍ .


ലച്ച്മി എസ്റ്റേറ്റ് ലെ ചായക്കടയില്‍ നിന്ന് ചായ കുടിക്കാന്‍ ഒരു ഇടവേള ഉണ്ടാവുമെന്നും അവിടെ കിട്ടുന്ന രസികന്‍ പലഹാരങ്ങളെ കുറിച്ചും സിബി ചേട്ടന്‍ യാത്രയുടെ തുടക്കത്തിലേ പറഞ്ഞിരുന്നു .


ചെറിയ ഒരു റേഷന്‍ കടയും ചായക്കടയും കോടി മരങ്ങളും ഒരു റിക്രിയേഷന്‍ ക്ലബ്ബും ചെറിയ ആശുപത്രിയും സ്കൂളും  ചേര്‍ന്നാല്‍ എസ്റ്റേറ്റ്‌ തൊഴിലാളിയുടെ അങ്ങാടിയായി .
ചില ചിത്രങ്ങള്‍ .



ചായക്ക്‌ ശേഷം നടത്തം തുടരുമ്പോള്‍ റോഡ്‌ പതിയെ ശൂന്യമായിക്കൊണ്ടിരുന്നു , ഇടയ്ക്കു തോട്ടത്തില്‍ മരുന്നടിക്കാന്‍ നിര്‍ത്തിയിട്ടിരിക്കുന്ന വിചിത്ര രൂപിയായ വാഹനം ഒഴിച്ചാല്‍. 

കയറ്റം കയറല്‍ കഴിഞ്ഞെന്നും ഇനി ഇറക്കം ആണെന്നും അറിഞ്ഞതോടെ സംഘാംഗങ്ങളുടെ ആവേശം കൂടി .




നിരക്ഷരന്‍ ചേട്ടനും രമേശ്‌ ബാബു ചേട്ടനും . രമേഷ് ബാബു ചേട്ടന്‍ ക്യാമറയും എടുത്തു പല വഴിക്കായിരുന്നതിനാല്‍ ഇടയ്ക്കിടയ്ക്ക് പുള്ളിയെ കാണാതെയായിരുന്നു .
കുറുക്കു വഴികളിലൂടെ .. തേയില ചെടികള്‍ക്കിടയിലൂടെ ...

ദൂരെ മാങ്കുളം  ...


ഇടയ്ക്കു അച്യുതാനന്ദന്‍ സര്‍ക്കാര്‍ പൊളിച്ച കുറെ റിസോര്‍ട്ടുകളുടെ ചുമരുകള്‍ പ്രേത ഭവനങ്ങള്‍ പോലെ മുന്നില്‍ കണ്ടു .  

യാത്ര അവസാനത്തോട് അടുത്ത് കൊണ്ടിരുന്നു . യാത്രക്ക് അല്പം വേഗത കുറഞ്ഞിട്ടും ഉണ്ട് . സംഘത്തിലെ ഏക വനിതാ ശ്രീമതി ജീന അന്‍സര്‍ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റൊടെ അവസാന ദൂരം ജീപ്പില്‍ പോവാമെന്ന ഓഫര്‍ വേണ്ടെന്നു പറഞ്ഞു താന്‍ ഒരു യഥാര്‍ത്ഥ ട്രെക്കെര്‍ ആണെന്ന് തെളിയിച്ചു . 

താഴെ താഴ്വാരത്ത് കണ്ട വെള്ളചാട്ടം ലക്ഷ്യമാക്കി ഞങ്ങള്‍ ഇറങ്ങി . പൂവിട്ടു നില്‍ക്കുന്ന ചെടികളും പച്ചപ്പും ജലപാതവും അനിര്‍വചനീയമായ ഒരു അനുഭൂതിയാണ് സമ്മാനിച്ചത് . നേരത്തെ വന്ന ചില സഞ്ചാരികള്‍ അവിടെ കുളിക്കുന്നുണ്ടായിരുന്നു . 


വെള്ള ചാട്ടതിലേക്ക് ...
നടവഴിയിലൂടെ . മൂന്നാറിന്റെ സ്വപ്ന ഭംഗിയിലൂടെ ...

മുകളില്‍ നിന്ന് സിബി ചേട്ടന്‍ അതല്ല നമ്മളുടെ കുളി സ്ഥലം എന്ന് വിളിച്ചു പറഞ്ഞു .അജു അപ്പോഴേക്ക് വസ്ത്രം മാറി വെള്ളത്തിലേക്ക്‌ ഇറങ്ങിയിരുന്നു.  എന്തായാലും മുകളില്‍ ചെന്ന്  സിബി ചേട്ടന്റെ സ്വന്തം കുളി സ്ഥലത്തേക്ക് , അദ്ദേഹം ഓഫര്‍ ചെയ്ത കുളി ആസ്വദിക്കാനായി ഞങ്ങള്‍ ഇറങ്ങി .


തണുപ്പ് എന്ന് പറഞ്ഞാല്‍ അതായിരുന്നു . അസ്ഥി തുളക്കുന്ന തണുപ്പിലേക്ക് ഇറങ്ങാന്‍ പോയിട്ട് സ്പര്‍ശിക്കാന്‍ പോലും ആവുന്നുണ്ടായിരുന്നില്ല . അത്രയ്ക്ക് തണുപ്പായിരുന്നു വെള്ളത്തിന്‌ . ആ കൊടും വെയിലത്തും വെള്ളം തണുത്തു കൊച്ചുന്നത് കാടിന്റെ മാത്രം പ്രത്യേകത തന്നെയാണ് . 
പതിയെ പതിയെ എല്ലാവരും വെള്ളത്തിലേക്ക്‌ ഇറങ്ങി..  
തണുപ്പിന്‍റെ സുഖം ആസ്വദിക്കാനായി ഞാനും . ഇറങ്ങി അതിലങ്ങനെ കിടന്നപ്പോള്‍ കിട്ടിയ ആശ്വാസം വല്ലാത്ത ഒന്നായിരുന്നു .
ഇറങ്ങുവോളം ഇറങ്ങാന്‍ തോന്നിയില്ല ഇറങ്ങിയപ്പോ കയറാനും തോന്നുന്നില്ല എന്നതാണ് അവസ്ഥ . ഒടുവില്‍ വിശപ്പിന്റെ വിളി വന്നപ്പോള്‍ അപ്പുറത്ത് കണ്ട ചോറിന്റെ  പൊതിക്കെട്ടുകള്‍ എന്നെ വെള്ളത്തില്‍ നിന്നും പതിയെ വലിച്ചു കയറ്റി..!!



ഭക്ഷണ ശേഷം മടക്ക യാത്രക്കുള്ള ജീപ്പുകളിലേക്ക് നടക്കുമ്പോള്‍ ഇത്തരം ഒരു യാത്രയുടെ അനുഭൂതിയെ ഞാന്‍ അറിഞ്ഞു. പത്തു മൈല്‍ നടന്നതും മൂന്നാറിലെ പത്താം മൈലുകളുടെ ചരിത്രം അറിയലും പിന്നീട് ആ ദൂരത്തിലേക്ക് നടന്നു പോയതും സ്വപ്നമല്ലെന്ന് തിരിച്ചറിയുമ്പോള്‍, പ്രകൃതിയുടെ ഇനിയും നഷ്ട്ടമാവാത്ത ആ സ്വര്‍ഗീയ സൌന്ദര്യം കാണിച്ചു തന്ന അതിനു നേതൃത്വം നല്‍കിയവര്‍ക്ക് .. കൂടെ നടന്നവര്‍ക്ക് . മനസ്സില്‍ നന്ദി പറഞ്ഞു കൊണ്ട് മടക്ക യാത്ര തുടങ്ങി...! 



========================================================================